Sunday, January 13, 2008

ഡോക്ടര്‍- രോഗി ബന്ധം

നമ്മുടെയിടയില്‍ വളരെപ്പെട്ടെന്നു വഷളായിക്കൊണ്ടിരിക്കുന്ന ഒന്നാണ്‌ ഈ ബന്ധം. അതിനു കാരണമായി ചൂണ്ടിക്കാണിക്കാന്‍ ധാരാളം കാരണങ്ങള്‍ ഉണ്ട്‌.മിക്കവാറും എല്ലാ പ്രശ്നങ്ങളും രോഗിയുടെ വശത്തു നിന്നാണ്‌ നാം അറിയുന്നത്‌. ഡോക്ടര്‍മാരുടെ കയ്യിലിരിപ്പ്‌ ഇതില്‍ വലിയൊരു പങ്കു വഹിക്കുന്നുണ്ട്‌.

(1) "ചെന്നിരുന്നാല്‍ ഉടന്‍ ഗുളിക എഴുതി കയ്യില്‍ത്തരും. എന്റെ മുഴുവന്‍ അസുഖവിവരം പറയാന്‍ പോലും സമയം തന്നില്ല"

ഇതാണെന്നു തോന്നുന്നു ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു പരാതി.മിക്കവാറും ഇതു സംഭവിക്കുന്നത്‌ അല്‍പം പ്രശസ്തനായ ഡോക്ടരെ (പ്രത്യേകിച്ചും ഒരു specialistനെ) കാണാന്‍ പോകുമ്പോഴാണ്‌. നിറഞ്ഞൊഴുകുന്ന കണ്‍സള്‍റ്റിംഗ്‌ റൂമിലെ മുറുമുറുപ്പ്‌ ("എത്ര നേരമായി വന്നിരുന്നിട്ട്‌" ഇങ്ങേരെന്തോന്ന് അകത്ത്‌ ചായ കുടിക്കുകയാണോ" മുതലായവ )ഡോക്ടറുടെ ചെവിയിലും എത്തുന്നതിന്റെ ഒരു indirect effect ആവാമെങ്കിലും പലപ്പോഴും ഇത്‌ രോഗിയുടെ മനസ്സിലെ തന്റെ രോഗത്തിനെക്കുറിച്ചുള്ള പ്രാധാന്യവും (perceived importance) ഡോക്ടറുടെ മനസില്‍ രോഗിയുടെ രോഗത്തിനു നല്‍കിയിട്ടുള്ള പ്രാധാന്യവും (actual importance) തമ്മിലുള്ള അന്തരം കാരണം തോന്നുന്നതാണ്‌.

വെളിയിലിരുന്നു മുറുമുറുക്കുന്നവര്‍ ആണ്‌ പലപ്പോഴും അകത്തു കയറിക്കഴിഞ്ഞാല്‍ തന്റെ കുടുംബ ചരിത്രം മുഴുവന്‍ വിളമ്പി സമയം കളയുന്നത്‌ എന്ന് എനിക്ക്‌ പലപ്പോഴും തോന്നിയിട്ടുണ്ട്‌. മറ്റുള്ളവരുടെതിനെക്കാള്‍ പ്രാധാന്യം നമ്മുടെ രോഗത്തിനാണ്‌ എന്നതുകൊണ്ട്‌ വെളിയില്‍ ഇരിക്കുന്നവരുടെ സ്ഥിതി പലരും ഓര്‍ക്കാന്‍ ശ്രമിക്കാറില്ല എന്നതാണ്‌ വാസ്തവം. അങ്ങനെ വരുമ്പോള്‍ പലപ്പോഴും രോഗവുമായി പ്രസക്തിയില്ല എന്നു തോന്നുന്ന ഭാഗങ്ങള്‍ വരുമ്പോള്‍ (ശരിയായിട്ടോ തെറ്റായിട്ടോ) നമുക്ക്‌ അതു തടഞ്ഞ്‌ ശരിയായ വഴിയിലേക്ക്‌ (ഇപ്പോഴത്തെ പ്രശ്നത്തിലേക്ക്‌) സംഭാഷണം തിരിച്ചു വിടേണ്ടി വരും. പലപ്പോഴും ഇതു രോഗിക്ക്‌ ഇഷ്ടപ്പെട്ടു എന്നു വരില്ല. അപ്പോള്‍ അത്‌ ഒരു hostile interview ആയി മാറാന്‍ ഉള്ള സാധ്യത കൂടുന്നു.

പലപ്പോഴും ആദ്യത്തെ ഒന്നു രണ്ടു വാചകങ്ങളില്‍ നിന്നു തന്നെ നമുക്ക്‌ രോഗത്തിന്റെ seriousness മനസ്സിലാക്കാന്‍ പറ്റും. "ശരിക്കും പറഞ്ഞാല്‍ ഈ നടുവേദന തുടങ്ങിയിട്ട്‌ ഒരു 15 കൊല്ലമെങ്കിലും ആയിട്ടുണ്ട്‌.(അപ്പോള്‍ ഇന്നു വരാനുള്ള കാരണം?) ഇന്നു ഈ വഴി ഒരാവശ്യത്തിനു വന്നപ്പോള്‍ ഡോക്ടറെ ഒന്നു കാണാം എന്നു വിചാരിച്ചു" (അപ്പോള്‍ പുതുതായി പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടല്ല - എന്തായാലും വേറൊരു ആവശ്യത്തിന്‌ leave എടുത്തു , എങ്കില്‍പ്പിന്നെ....) - ഇത്‌ കൂടുതല്‍ വിസ്തരിക്കേണ്ട ആവശ്യമുണ്ടോ? പെട്ടെന്നൊന്നു നോക്കി സീരിയസ്‌ അസുഖങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തി - ഗുളിക, മരുന്ന്, exercise എന്നിവ പറഞ്ഞാല്‍ പോരേ ? അദ്ദേഹത്തിന്റെ പതിനഞ്ചു വര്‍ഷത്തെ ചരിത്രം കേള്‍ക്കാനിരുന്നാല്‍ അദ്ദേഹം സംതൃപ്തനാവും പക്ഷേ കുറച്ചുകൂടി വലിയ പ്രശ്നവും ആയി വേറൊരാള്‍ വെളിയില്‍ ക്കാണും എന്നതിനാല്‍ അദ്ദേഹം സ്വല്‍പം പിണങ്ങിയാലും സാരമില്ല എന്നു വിചാരിക്കുവാനെ തരമുള്ളു. അപ്പോള്‍ അദ്ദേഹം വെളിയില്‍ ഇറങ്ങിയിട്ട്‌ "മുഴുവന്‍ പറയാന്‍ സമ്മതിച്ചില്ല" എന്നു പറഞ്ഞാല്‍ ?

90 ശതമാനം സമയവും വര്‍ഷങ്ങളായിട്ടുള്ള ഒരു നടുവേദന - പ്രത്യേകിച്ച്‌ വ്യത്യാസമുണ്ടായിട്ടില്ല എങ്കില്‍ ഒരു സീരിയസ്‌ അസുഖം മൂലം ആവാനുള്ള സാധ്യത വളരെക്കുറവാണ്‌ (ഇതിന്‌ exceptions ഉണ്ട്‌ എന്നതില്‍ തര്‍ക്കമില്ല)അതേ സമയം 15 വര്‍ഷമായിട്ടുള്ള വേദന ഒരു മാസം കൊണ്ട്‌ കൂടി അല്ലെങ്കില്‍ മുഴുവന്‍ സമയവും ഉണ്ട്‌ അല്ലെങ്കില്‍ രാത്രി ഉറക്കത്തില്‍ കൂടുന്നു എന്നൊക്കെ ആദ്യം തന്നെ പറഞ്ഞാല്‍ നമുക്ക്‌ warning bells അടിക്കുകയും ആ രോഗിയ്ക്ക്‌ പ്രത്യേക പരിഗണന ആവശ്യമാണ്‌ എന്നുള്ള കാര്യം ബോധ്യമാവുകയും ചെയ്യും.

പിന്നെയുള്ള മറ്റൊരു കാര്യം - മിക്കവരും ആദ്യം തന്നെ കിട്ടാവുന്നതില്‍ ഏറ്റവും കൂടിയ സ്പെഷ്യലിസ്റ്റിനേ ആണ്‌ കാണാന്‍ ശ്രമിക്കുന്നത്‌.ആദ്യം ഒരു general practioner നെ ക്കാണുന്നതാണ്‌ പ്രത്യേകിച്ച്‌ emergency ഇല്ലെങ്കില്‍ നല്ലത്‌. ഒരു ജനറല്‍ ഡോക്ടറിനു നിങ്ങളെ നല്ലവണ്ണം പരിശോധിക്കാനും, കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാനും സമയം കിട്ടും എന്നതിനോടൊപ്പം പലപ്പൊഴും നിങ്ങളുടെ പൂര്‍വ കാല ചരിത്രവും അറിയാമായിരിക്കും. ആദ്യമേ ഒരു സ്പെഷലിസ്റ്റിന്റെ അടുത്ത്‌ ചെന്ന് അസുഖ വിവരം പറയുന്നത്‌ നല്ലതാണെന്ന് തോന്നാമെങ്കിലും അത്‌ പലപ്പോഴും വിചാരിക്കുന്ന അത്ര ഉപയോഗപ്പെടുകയില്ല.

ഉദാഹരണത്തിന്‌ നാം ജലദോഷവുമായി സ്ഥലത്തെ മുന്തിയ ENT യെ കാണാന്‍ ചെല്ലുന്നു എന്നിരിക്കട്ടെ. നമ്മെ പ്പോലെ ഒരു പത്തു "സാദാ" ജലദോഷവും കണ്ട്‌ ബോര്‍ അടിച്ചിരിക്കുന്ന അദ്ദേഹത്തിനു നാം നമ്മുടെ "serious ജലദോഷം" അവതരിപ്പിക്കുമ്പോള്‍ തന്നെ കാര്യം മനസ്സിലാകുകയും അദ്ദേഹം ഗുളിക കുറിച്ചു തുടങ്ങുകയുക്‌ ചെയ്യും.

അതേ സമയം നാം ഒരു ജനറല്‍ ഡോക്ടറിനെ ക്കണ്ട്‌ കുറച്ച്‌ ഗുളികകളും, മൂക്കിലൊഴിക്കുന്ന തുള്ളിമരുന്നും മറ്റും പരീക്ഷിച്ച്‌ പ്രയോജനം ഇല്ലാതെ ചെല്ലുന്നു എന്നിരിക്കട്ടെ. ഇവിടെ സംഗതി വേറെയാണ്‌ ആ സ്പെഷിയലിസ്റ്റിനു വേണമെങ്കില്‍ മരുന്നു മാറ്റി നല്‍കാം ,കൂടുതല്‍ വിദഗ്ദ്ധ പരിശോധനയ്ക്ക്‌ നിങ്ങളെ വിധേയനാക്കാം.

വേറൊരാള്‍ പയറ്റി ശരിയാവാത്ത ഒരു അസുഖം മാറ്റാനാണ്‌ അദ്ദേഹം specialist ചമഞ്ഞ്‌ ഇരിക്കുന്നത്‌. അതേ സമയം വരുന്ന എല്ലാ "സാദാ" ജലദോഷവും ഇതുപോലെ നോക്കാന്‍ അദ്ദേഹത്തിന്‌രോഗികളുടെ എണ്ണം കൂടുന്നതു കാരണം സമയമോ സൗകര്യമോ ഉണ്ടായി എന്നു വരികയില്ല.

അതുപോലെ തന്നെ തലവേദന വന്നാലുടനെ neurologist നെ തന്നെ കാണിക്കുന്നവരും നമ്മുടെയിടയില്‍ ധാരാളം ഉണ്ട്‌. വരുന്ന തലവേദനക്കാരെ മുഴുവന്‍ ദീര്‍ഘമായി പരിശോധിച്ച്‌ "കുഴപ്പമില്ല" എന്നു പറയാന്‍ അദ്ദേഹത്തിന്‌ സമയം കിട്ടുമോ. ഇല്ല. അപ്പോള്‍ കഷ്ടകാലത്തിന്‌ ഏതെങ്കിലും ഒരു serious അസുഖം ഈ ആയിരങ്ങളുടെ ഇടയില്‍ നിന്നും miss ചെയ്യാതിരിക്കാന്‍ അദ്ദേഹത്തിന്‌ ഒരൊറ്റ വഴിയേ ഉള്ളു- സ്കാന്‍ എടുക്കുക.-- ആയിരം അനാവശ്യ സ്കാനുകള്‍ എടുത്ത്‌ അദ്ദേഹം തന്റെ സമയക്കുറവു കൊണ്ട്‌ ഒരു രോഗിയുടെ serious ആയേക്കാവുന്ന അസുഖം miss ചെയ്തുപോകാതിരിക്കാന്‍ ശ്രമിക്കുന്നു.

അതേ സമയം ഈ ആയിരം പേരും തലവേദനയുമായി ജനറല്‍ ഡോക്ടറെക്കണ്ടിരുന്നെങ്കില്‍ 999 പേരുടെയും അസുഖം വെറും crocin കൊണ്ടു മാറുകയും ,അസുഖം മാറാത്ത ആ ഒരൊറ്റ ആളെ മാത്രം neurologistന്‌ സുദീര്‍ഘമായ consultationഉം examinationഉം വഴി വളരെ എളുപ്പം assess ചെയ്യാന്‍ പറ്റുകയും ചെയ്യുന്നു.

3 comments:

Dr.Blog said...

("എത്ര നേരമായി വന്നിരുന്നിട്ട്‌" ഇങ്ങേരെന്തോന്ന് അകത്ത്‌ ചായ കുടിക്കുകയാണോ" മുതലായവ )ഡോക്ടറുടെ ചെവിയിലും എത്തുന്നതിന്റെ ഒരു indirect effect ആവാമെങ്കിലും

Dr.Blog said...

("എത്ര നേരമായി വന്നിരുന്നിട്ട്‌" ഇങ്ങേരെന്തോന്ന് അകത്ത്‌ ചായ കുടിക്കുകയാണോ" മുതലായവ )ഡോക്ടറുടെ ചെവിയിലും എത്തുന്നതിന്റെ ഒരു indirect effect ആവാമെങ്കിലും

joseph said...
This comment has been removed by the author.