Thursday, February 21, 2008

Doctor- worst enemy or best friend? സുഹൃത്തോ അതോ എതിരാളിയോ

ലോകത്തു വേറെ ഒരു ജോലിയ്കും ഇതുപോലൊരു വിരോധാഭാസം കാണില്ല.
എല്ലാവര്‍ക്കും കുറ്റം പറയാന്‍ ഒരു സാധനം - ഡോക്ടര്‍.
അസുഖം വന്നാല്‍ എല്ലാവര്‍ക്കും ആവശ്യം - ഡോക്ടര്‍.

എവിടുന്നെങ്കിലും നമ്പര്‍ കണ്ടുപിടിച്ച്‌ വിളിക്കും- ഡോക്ടര്‍ ഇന്ന് ഓപി യില്‍ കാണുമോ ?

അതിനിത്ര രാവിലെ വിളിക്കണോ ? അഞ്ചര മണി ആയതല്ലേ ഉള്ളു?

ഓ സോറി. ഞാന്‍ നടക്കാന്‍ പോവുന്നതിനു മുന്‍പ്‌ വിളിച്ചെന്നേ ഉള്ളു. ഡോക്ടര്‍ ഉറങ്ങുവായിരുന്നു അല്ലേ?

(അതേ , ഇന്നലെ രാത്രി 3 മണി കഴിഞ്ഞാ ആശുപത്രിയില്‍ നിന്നു വന്നു കിടന്നത്‌-
എന്തിനു പറയണം. തനിക്കത്‌ അറിയേണ്ടല്ലോ.
രാവിലെ വിളിച്ചതിന്‌ അയാള്‍ ചാടിക്കടിയ്ക്കാന്‍ വന്നു എന്നു പറയാനുള്ളതല്ലേ)



75 രൂപയുടെ ഒരു OP റ്റികറ്റ്‌ എടുത്തു കഴിഞ്ഞാല്‍ ഡോക്ടറെ വിലയ്ക്കുവാങ്ങിയതുപോലെ തന്നെ. തോന്നുമ്പോള്‍ വിളിക്കാം. ഒരേ കാര്യം തന്നെ പലര്‍ വീണ്ടും വീണ്ടും അറിയാന്‍ ചോദിക്കാം.(ആദ്യം കേട്ടയാള്‍ അങ്ങു പറഞ്ഞാല്‍ പോരേ - ങ്‌ ഹും പോരാ.എനിയ്ക്കും ചോദിക്കണം !)

ഒരഞ്ചു മിനിറ്റ്‌ മുന്‍പ്‌ ഇതേ കാര്യത്തിന്‌ വേറെ ആരോ വിളിച്ചിരുന്നല്ലോ?

അതെ അത്‌ എന്റെ വകയില്‍ ഒരു അമ്മായിയാ. അവരുടെ അടുത്ത്‌ പറഞ്ഞിട്ടു കാര്യമില്ല ഉടനെ മറക്കും. (പിന്നെന്തിനാ എന്നെ വിളിക്കാന്‍ സമ്മതിച്ചത്‌? ഞാന്‍ ഇവിടെ വേറെ ജോലി ഒന്നും ഇല്ലാതിരിക്കുകയാണെന്നു വിചാരിച്ചോ. "ശ്ശോ ആരെങ്കിലും ഒന്നു വിളിച്ചിരുന്നെങ്കില്‍ രോഗ വിവരം മുഴുവന്‍ വീണ്ടും വീണ്ടും പറയാമായിരുന്നു" ) "

എന്തൊരു സാധനം.ഇവനൊക്കെ മനുഷ്യത്ത്വം ഇല്ലല്ലോ. ഒരു വിവരം അറിയാന്‍ വിളിച്ചാല്‍ നമ്മളെ കടിച്ചുകീറും.വേറെ ഡോക്ടര്‍മാരില്ലാത്തതുപോലെ


ഞാന്‍ കഴിഞ്ഞ ചൊവ്വാഴ്ച വന്നിരുന്നു ഡോക്ടറെ ക്കണ്ടില്ല, ലീവ്‌ ആണെന്നു പറഞ്ഞു (ഒരു കുറ്റപ്പെടുത്തല്‍ !) - ഞാന്‍ കഴിഞ്ഞ എത്രയോ വര്‍ഷമായി നിങ്ങളെക്കാത്തിരിക്കുന്നു സഹോദരാ.എന്തേ ഇതിനു മുന്‍പ്‌ വരാത്തേ?
അസുഖം emergency ഒന്നുമല്ലല്ലോ- ഒരു പതിനഞ്ചു വര്‍ഷമായി ദാ ഇങ്ങനെ നിന്നിട്ട്‌ മുന്നോട്ടു കുനിഞ്ഞ്‌ ഇടത്തോട്ടു നോക്കുമ്പോള്‍ നടുവിന്റെ വലതു വശത്തായി ഒരു വേദന പോലെ. (എന്താ ഈ വേദന പോലെ? വേദന ഉണ്ട്‌ അല്ലെങ്കില്‍ ഇല്ല അല്ലാതെ ഉണ്ടെന്നൊരു തോന്നലോ?)- ഗുളിക എഴുതുന്നതു പോലെ കാണിച്ചാല്‍ മതിയോ അതോ--- .

പെയിന്‍ കില്ലര്‍ ഞാന്‍ കഴിക്കാറില്ല.( വേദനയ്ക്ക്‌ വേദന സംഹാരി അല്ലാതെ പിന്നെന്താ വേണ്ടത്‌?)

ആന്റിബയോട്ടിക്ക്‌ ഒന്നും വേണ്ടേ? - ഇല്ല ഇത്‌ വൈറല്‍ ഫീവര്‍ ആകാനാണ്‌ സാധ്യത. അപ്പോള്‍ പലപ്പോഴും ആന്റിബയോട്ടിക്‌ ആവശ്യമില്ല.
പക്ഷേ കഴിഞ്ഞ തവണ ഇതുപോലെ വന്നപ്പോള്‍ ഡോക്ടര്‍ വാനരന്‍ ആന്റിബയോടിക്‌ തന്നു കഴിഞ്ഞാണ്‌ ഇവന്റെ പനി കുറഞ്ഞത്‌ (ആണോ, എങ്കില്‍ പോയി വാനരനെത്തന്നെ കാണൂ. എന്റെ ചികില്‍സ ഇങ്ങനെയാണ്‌)

ആന്റിബയോടിക്‌ വേണോ? - തീര്‍ച്ചയായും. നല്ല chest infection ഉണ്ട്‌. ഒരാഴ്ചയില്‍ കൂടുതലായി. ഇനി നമ്മള്‍ വച്ചോണ്ടിരുന്നിട്ട്‌ കാര്യമില്ല.
പക്ഷേ ഡോക്ടര്‍ വാനരന്‍ പറഞ്ഞിട്ടുണ്ട്‌ ഒരു കാരണവശാലും ആന്റിബയോടിക്കുകള്‍ അവനു കൊടുക്കരുതെന്ന് (എങ്കില്‍പ്പിന്നെ നേരത്തെ പറഞ്ഞതുപോലെ-----)

ഒരു സ്കാന്‍ കൂടെ അങ്ങ്‌ എടുത്താലോ എന്ന് ഞാന്‍ വിചാരിക്കുന്നു.
ഡോക്ടര്‍ക്കെന്തു തോന്നുന്നു? അതിന്‌ അങ്ങനെ പ്രത്യേകിച്ച്‌ ഒരു സീരിയസ്‌ അസുഖത്തിന്റെ ലക്ഷണമൊന്നും ഞാന്‍ നോക്കിയിട്ട്‌ കാണുന്നില്ലല്ലോ. എടുത്ത സാധാരണ ടെസ്റ്റുകള്‍ എല്ലാം നോര്‍മല്‍ ആണല്ലോ പിന്നെന്തിനാ?

എന്നാലും ഒരെണ്ണം എടുക്കാം ഒരു സമാധാനം ആവുമല്ലോ.
നമുക്ക്‌ രോഗിയുടെ അഭിപ്രായം കൂടി ഒന്നു ചോദിച്ചാലോ?
നിങ്ങള്‍ ആരെന്നു മനസ്സിലായില്ല.
ഞാന്‍,ങാ ഞാന്‍ പേഷ്യന്റിന്റെ വകയിലൊരു ബന്ധുവാണ്‌ (അപ്പോ പൈസ ഇറക്കേണ്ടി വരുന്നവനല്ല, അതാണ്‌ സ്കാന്‍ എടുക്കാന്‍ ഇത്ര ആവേശം !)

ഈ സ്കാനിന്റെ ആവശ്യമുണ്ടോ? അതില്ലാതെ ചികില്‍സിച്ചൂടേ? പറ്റുമായിരിക്കും പക്ഷേ എന്റെ ചികില്‍സയില്‍ എന്തെങ്കിലും പാളിച്ച വന്നാല്‍ (ഞാനും മനുഷ്യനാണല്ലോ- അക്കര്യത്തില്‍ പലര്‍ക്കും സംശയം ഉണ്ടെങ്കിലും !) അന്ന് നിങ്ങള്‍ തന്നെ തിരിഞ്ഞ്‌ എന്റടുത്ത്‌ ചോദിക്കുകയില്ലേ. എന്താ ഒരു സ്കാന്‍ എടുക്കാത്തത്‌ എന്ന്.
സ്കാന്‍ എടുത്താല്‍ ചികില്‍സ ആവുന്നില്ല എന്നെനിക്ക്‌ നന്നായിട്ടറിയാം. പക്ഷേ എനിക്ക്‌ മാന്ത്രിക ശക്തി ഒന്നും ഇല്ല പഠിച്ചതിന്റെ ബലത്തില്‍ ആണ്‌ എന്റെ ഈ കസര്‍ത്ത്‌. അത്‌ നൂറു ശതമാനവും ശരിയാവണം എന്നില്ല.

ആയിരം രോഗികളെ സുഖമാക്കി വിട്ടാലും അതിന്റെ മുഴുവന്‍ ഫലവും സല്‍പ്പേരും പോവാന്‍ ഒരൊറ്റ കൈപ്പിഴ മതി. ആ കൈപ്പിഴ വരാതിരിക്കാന്‍ ചിലപ്പോള്‍ സ്കാന്‍ എടുത്താല്‍ പറ്റുമെങ്കില്‍ ഞാന്‍ അത്‌ എടുത്താല്‍ എന്താ കുഴപ്പം? ഞാന്‍ കമ്മിഷന്‍ വാങ്ങാറില്ല.എന്റെ അടുത്ത മുറിയിലെ ഡോക്ടറുടെ രോഗികള്‍ 6000 രൂപയ്ക്ക്‌ സ്കാന്‍ എടുക്കുമ്പോള്‍ എന്റെ രോഗികളെല്ലാം തന്നെ 3000 രൂപ കൊടുത്താണ്‌ MRI scan എടുക്കുന്നത്‌. പാവപ്പെട്ടവര്‍ക്ക്‌ 2500 വരെ സ്കാന്‍ എടുത്തു തരാമെന്ന് സ്കാന്‍ സെന്റര്‍ ഏറ്റിട്ടുമുണ്ട്‌.

മനുഷ്യര്‍ പലവിധം ഉണ്ട്‌. ചിലത്‌ ചീഞ്ഞതായിരിക്കും. ചീഞ്ഞതു മാത്രം കണ്ടു പരിചയിച്ചവര്‍ക്ക്‌ എല്ലാവരും ചീഞ്ഞതായി തോന്നും. ഡോക്ടര്‍മാരല്ലാതെ വേറെ ആര്‍ക്കും കഷ്ടകാലത്തിന്‌ fee for service പറ്റുകയില്ല (ഫിസിയോതെരപിസ്റ്റുകള്‍ക്കും പറ്റും) അതുകൊണ്ടു തന്നെ മറ്റ്‌ ആശുപത്രി ജീവനക്കാര്‍ക്കും പൊതുജനത്തിനും ഡോക്ടറെ ചൂണ്ടിക്കാട്ടി പൈസ വാങ്ങുന്നു പൈസ വാങ്ങുന്നു എന്നു വിളിച്ചുകൂവാന്‍ എളുപ്പമുണ്ട്‌. പല ഗവണ്‍മന്റ്‌ ആശുപത്രിയിലെയും മുറിവു വച്ചുകെട്ടുന്ന അറ്റെണ്ടര്‍ പൈസ കിട്ടാതെ ഒന്നും ചെയ്യാറില്ല. അവിടെ ചികില്‍സയ്ക്കു ചെല്ലുന്ന രോഗിയുടെ ഗതി അറിയാമല്ലോ. അവന്റെ കയ്യില്‍ നിന്നു പോലും പൈസ വാങ്ങിക്കുന്നവര്‍ ഉണ്ട്‌.(അതു പിന്നെ ജീവിക്കാന്‍ വേണ്ടി അല്ലെ? അതുപോലെ ആണോ ഞങ്ങള്‍ ദൈവം പോലെ കാണുന്ന ഡോക്ടര്‍ ?)

worst enemy- best friend !